24.10.12

ആദ്യ ഇടം


നോക്കൂ ,
നിങ്ങളുടെ കിടക്കയുടെ താഴത്തെ കിഴക്കെമൂലയില്‍
ഒരിരുണ്ട ഇടമുണ്ട് .
ഉറങ്ങുമ്പോള്‍ കണ്പീലിക്കിടയിലൂടെ
ഉണരുമ്പോള്‍ പീളക്കിടയിലൂടെ
നോട്ടമെത്തുന്ന ആദ്യയിടം .
ഉറങ്ങുമ്പോള്‍ ഉണരും ആത്മാവ്,
ആ കിഴക്കേ മൂലയ്ക്ക് പോയി നോന്നൊരു നോട്ടമുണ്ട് ,
ആരെ എന്ന് ചോദിക്കണ്ട.
കൊല്ലങ്ങളായി മുറിക്കാത്ത നഖം തുടങ്ങി
വെള്ളി നര കെട്ടിയ മുടി വരെ നീളുന്ന ഗഹനമായ നോട്ടം.
അറിയാത്ത  മുറിവുകള്‍ , അറിഞ്ഞ ചതവുകള്‍
ചെയ്ത തെറ്റുകള്‍ ചെയ്യാത്ത ശരികള്‍
പറഞ്ഞ അസഭ്യങ്ങള്‍  പറയാത്ത നന്മകള്‍
എല്ലാം നെറ്റിയിലിങ്ങനെ തെളിഞ്ഞു നീങ്ങും ..
നെറ്റി വിയര്‍ക്കും .
ചില നേരത്ത് ,മൂലക്കല്‍ നിന്ന് പുലര്‍ച്ചയും മടങ്ങില്ല ,
കശ്മലന്‍ !
മടി തന്നെ മടി...
ഇരുണ്ട കോണിലെ ഇളം തണുപ്പ് വിട്ടു പോരാന്‍ മടി...
സംഗതി സത്യം!
ഇന്നലെ പോയ എന്റെ ആത്മാവ് ഇന്നും മടങ്ങി വന്നിട്ടില്ല
കിഴക്കേ മൂലയിലേക്ക് നോക്കി കണ്ണും തുറിച്ചു നോക്കി
ഏറെ നേരമായി ഞാന്‍ കിടക്കുകയാണ്...

No comments:

Post a Comment