3.5.13

പെണ്ണ് പറയേണ്ടാത്തത്‌
--------------------------------------
ചിലതൊന്നും പെണ്ണ് പറയരുത് .
സ്നേഹം ഉറക്കെയും
പ്രേമം ഇച്ചിരി പതുക്കെയും
കാമം ചുണ്ടനക്കാതെയും മൊഴിയണം.
മുടി മൂക്ക് മുതുക് പറയാം
മുലകളെ കുറിച്ച് പറയരുത് .
തലവേദന നടുവേദന കൈവേദന ആവാം
ആർത്തവ വേദനയെക്കുറിച്ച് അരുത്.
മനസുഖം ദേഹസുഖം ഗൃഹസുഖം പറഞ്ഞേ തീരൂ
രതി സുഖം !
ശ് ശ് ശ് ...എന്തൊരു പെണ്ണ്
അരുതേ അരുത് !
.........................
മലയുടെ മുകളിൽ
വെറുതെ കല്ലുരുട്ടി കയറ്റിയ
ഭ്രാന്തനല്ല ഞാൻ .
നിന്നെ കൊല്ലാൻ,
കൊല്ലാൻ തന്നെയാണ് കല്ലുരുട്ടിയത്.
ഒരിക്കലല്ല
പലവട്ടം
ആയുസ്സിന്റെ ബലം
ഉരുട്ടിയ കല്ലുകൾ പാഴായി
ഞാൻ ഭ്രാന്തനുമായി .
ഓടക്കുഴൽ പിടിച്ച്
അത്തി മര ചുവട്ടിൽ
വാ പൊളിച്ചു നിന്നപ്പോ
കൃഷ്ണനെന്നു വിളിച്ചത് നിങ്ങളാണ്.

കാലിൽ ചുറ്റിയ പാമ്പിനെ തല്ലികൊന്നെറിഞ്ഞപ്പൊ
കാളീയ മർദ്ധനമെന്നും വിളിച്ചു
ആ ചാവാലി പാമ്പിനി പേര് ആരാണിട്ടത്‌?

ചേല കട്ടെന്നത് നേര്
എന്റെ കൌമാര തിളപ്പു.

വെണ്ണ കട്ടതും നേര്
വിശപ്പടക്കാൻ .

കാലിമേച്ചതും നേരു
അന്നമുണ്ടാക്കാൻ.

നെറ്റിയിലെ മയിൽ‌പീലി,
കാലി ചെറുക്കന്മാരുടെ വികൃതി,
ഉറങ്ങി കിടക്കുമ്പോൾ.

പൂതന-
അത് ഞാൻ പറയില്ല
പരമ രഹസ്യമാണ്
എന്തായാലും അത് നിങ്ങൾ കരുതുംപോലെ അല്ല.

രാധ
കരിങ്കള്ളി
അവളാണ് പറഞ്ഞുണ്ടാക്കിയത്
ആയിരത്തെട്ടു പെണ്ണുങ്ങളുടെ അവിഹിത കഥ!
കറുമ്പിയെ ഞാൻ
തള്ളി പറഞ്ഞതിന്റെ കെറുവ്.

രാസലീല
ആടിയത് തന്നെ
സത്യം സത്യമായി പറയണമല്ലോ.

കംസ വധം
കൂലിതല്ലിനു ഇത്രയും മറ്റോ?
ചോദിച്ചത് തന്നു. പോയി.
കൊന്നു.
ഞാൻ കൃഷ്ണൻ,
ശ്രീ ഇല്ലാത്ത വെറും കൃഷ്ണൻ.!

23.1.13

ഒന്ന് മുതല്‍ പൂജ്യം വരെ....



പകല്‍
കുളിച്ച് കുറിതൊട്ട് സുമുഖനായി
ഞെളിഞ്ഞു വരുന്ന പുരുഷനാണ് .
ചുണ്ടില്‍ ചെറു മന്ദസ്മിതവും
വാക്കില്‍ മൃദു മൃദുത്വവും
ഒത്ത തലയെടുപ്പുമുള്ള 
പൂര്‍ണ പുരുഷന്‍ !

പാതി പകല്‍
പാതി മഞ്ഞ തിലക കുറിയില്‍
ആയാസത്തിന്റെ വിയര്‍പ്പുകണം
കണ്ണുകളില്‍ ഉച്ചമയക്കത്തിന്റെ ആലസ്യം
ചുണ്ടില്‍ മറഞ്ഞ  ചെറു ചിരി.

അവസാന പകല്‍
കണ്ണില്‍ കളര്‍ വെള്ളത്തിന്റെ തിളതിളക്കം
നോക്കില്‍ ഘോര വിശപ്പിന്റെ തീക്ഷ്ണ ഭാവം
ചുണ്ടില്‍ തെരുപ്പിടിച്ച പുകയില ചുരുളുകള്‍
സ്ഥൈര്യ ധൈര്യ ഗാംഭീര്യ സമ്മേളിത മൂര്‍ത്ത ഭാവം
അടിമുടി പൂത്തുലഞ്ഞ പുതു ഭാവം ..
ആര്‍ത്തുലയലിന്റെ ആദ്യ പദം .

രാത്രി

പകലത്തെ പൂര്‍ണ പുരുഷാ
നീ ഒരു വട്ട പൂജ്യമാണ്
ചുണ്ടില്‍ ഏതോ പെണ്ണിന്റെ ചോരപൊടിയുമായി
നീ എത്ര ദൂരം പോകാനാണ് ?!

24.10.12

വാഴ്തപെട്ടവള്‍-

ഞാന്‍ വാഴ്തപെട്ടവള്‍!
ഇന്നലെ നട്ടപാതിരക്കു ഉറക്കപ്പിച്ചിലായിരുന്നു പ്രഖ്യാപനം .
നിങ്ങള്‍ക്ക് എനിക്ക് വേണ്ടി രൂപക്കൂട് പണിയാം..
പക്ഷെ നാലും കൂടുന്ന കവലയില്‍ തന്നെ വേണം ..
അധിക ദൂരത്തല്ലാതെ ഒരു കാണിക്ക വഞ്ചി നിര്‍ബന്ധം .
നാളെയെ കുറിച്ചൊരു ചിന്ത എനിക്കും വേണമല്ലോ ..
ഞാനവിടെ അടങ്ങി ഒതുങ്ങി ഒരക്ഷരം മിണ്ടാതെ ഇരുന്നോളം .
ഞാന്‍ വാഴ്തപെട്ടവള്‍
ആരു എപ്പോള്‍ എന്തിനു എവിടെ വച്ച് ,എന്തിനു ,എങ്ങനെ
ഇത്തരം ചോദ്യങ്ങള്‍ വേണ്ട .
കോപിച്ചു ഞാനങ്ങു ശപിക്കും ..
ഉറങ്ങുമ്പോ മുടി പിടിച്ചു വലിക്കും .
കൈ കാല്‍ തളര്‍ത്തി കിടത്തും ..
കണ്ണുരുട്ടി പേടിപ്പിക്കും ..
എന്റെ മഹിമകള്‍ എഴുതി നോട്ടീസടിക്കുന്നവരുടെ
ലിസ്റ്റ് ഞാന്‍ സൂക്ഷിക്കും
എന്റെ പേര് പതിനായിരത്തി എട്ടു തവണ എഴുതുന്നവരുടെ
പേര് ഞാന്‍ കുറിച്ചിടും
എന്നെ നിന്ദിക്കുന്നവരുടെ പേര് ഞാന്‍ ചുമന്ന മാഷികൊണ്ടാവും കുറിക്കുക .
എനിക്ക് മെഴുകു തിരി കത്തിക്കുന്നവരുടെ  വീട്ടില്‍
പവര്‍ കട്ട് നേരത്ത് ഞാന്‍ വെളിച്ചമായി ചെല്ലും ..
മുഖം തിരിക്കുന്നവരുടെ വീട്ടിലും ഞാന്‍ വരുന്നുണ്ട് ,
സര്‍വ സംഹാരിയായി
ഞാന്‍ വാഴ്തപെട്ടവള്‍
ആരു എപ്പോള്‍ എന്തിനു എവിടെ വച്ച് ,എന്തിനു ,എങ്ങനെ
ഇത്തരം ചോദ്യങ്ങള്‍ വേണ്ട .
ഞാന്‍ വഴ്തപെട്ടവള്‍
അത്ര തന്നെ !!!

ആദ്യ ഇടം


നോക്കൂ ,
നിങ്ങളുടെ കിടക്കയുടെ താഴത്തെ കിഴക്കെമൂലയില്‍
ഒരിരുണ്ട ഇടമുണ്ട് .
ഉറങ്ങുമ്പോള്‍ കണ്പീലിക്കിടയിലൂടെ
ഉണരുമ്പോള്‍ പീളക്കിടയിലൂടെ
നോട്ടമെത്തുന്ന ആദ്യയിടം .
ഉറങ്ങുമ്പോള്‍ ഉണരും ആത്മാവ്,
ആ കിഴക്കേ മൂലയ്ക്ക് പോയി നോന്നൊരു നോട്ടമുണ്ട് ,
ആരെ എന്ന് ചോദിക്കണ്ട.
കൊല്ലങ്ങളായി മുറിക്കാത്ത നഖം തുടങ്ങി
വെള്ളി നര കെട്ടിയ മുടി വരെ നീളുന്ന ഗഹനമായ നോട്ടം.
അറിയാത്ത  മുറിവുകള്‍ , അറിഞ്ഞ ചതവുകള്‍
ചെയ്ത തെറ്റുകള്‍ ചെയ്യാത്ത ശരികള്‍
പറഞ്ഞ അസഭ്യങ്ങള്‍  പറയാത്ത നന്മകള്‍
എല്ലാം നെറ്റിയിലിങ്ങനെ തെളിഞ്ഞു നീങ്ങും ..
നെറ്റി വിയര്‍ക്കും .
ചില നേരത്ത് ,മൂലക്കല്‍ നിന്ന് പുലര്‍ച്ചയും മടങ്ങില്ല ,
കശ്മലന്‍ !
മടി തന്നെ മടി...
ഇരുണ്ട കോണിലെ ഇളം തണുപ്പ് വിട്ടു പോരാന്‍ മടി...
സംഗതി സത്യം!
ഇന്നലെ പോയ എന്റെ ആത്മാവ് ഇന്നും മടങ്ങി വന്നിട്ടില്ല
കിഴക്കേ മൂലയിലേക്ക് നോക്കി കണ്ണും തുറിച്ചു നോക്കി
ഏറെ നേരമായി ഞാന്‍ കിടക്കുകയാണ്...